ഒരു REALITY SHOW പ്രണയകഥ!

നാശംപിടിക്കാന്‍… ആരാടാ ഈ പാതിരാത്രിക്ക്‌ ഫോണ്‍ വിളിക്കുന്നത്‌ എന്ന് ചിന്തിച്ചു കൊണ്ടാണ് ഞാന്‍ ഫോണ്‍ എടുത്തത്‌. നമ്പര്‍ നോക്കിയപ്പോള്‍ അത് പ്രശാന്തിന്റെ ആണെന്ന് മനസിലായി… വളരെ കാലത്തിനു ശേഷമാണ് പ്രശാന്തിന്റെ ഒരു കോള്‍ വരുന്നത്… പഴയകാല സുഹൃത്തുക്കള്‍ പലരും ഇപ്പോള്‍ വിളിക്കുന്നത്‌ കല്യാണം പറയാനാണ്! “അളിയാ ഞാനും പെണ്ണ് കെട്ടുകയാണ് കേട്ടോ…” എന്ന ഡയലോഗ് കേട്ട് മടുത്തു! “ഭഗവാനെ… പ്രശാന്തും പെണ്ണ് കേട്ടുന്നോ…?” എന്നാലോചിച്ചു കൊണ്ടാണ് ഞാന്‍ കോള്‍ അറ്റന്‍ഡ് ചെയ്തത്…

“അളിയാ… ഒന്നും പറയേണ്ടളിയാ…#$%^$##@# ഈ ചാനലുകാരെ കൊണ്ടു തോറ്റു…” പ്രശാന്തിന്റെ ശബ്ദത്തില്‍ അമര്‍ഷവും ചളിപ്പും എല്ലാം ഉണ്ടായിരുന്നു…

കാര്യം എന്താണെന്ന് ഒരു പിടിയും കിട്ടാതെ ഞാന്‍ വാപൊളിച്ചു നിന്നു… ” ഇനി വല്ല മെഗാസീരിയലിനെയും കുറ്റം പറയാനാണോ ഈശ്വരാ ഇവന്‍ ഈ പാതിരാത്രിക്കു വിളിച്ചത്..” എന്നു ഞാന്‍ ചിന്തിക്കാതിരുന്നില്ല…

വളരെനാള്‍ മുമ്പ് ഏതോ കമ്പ്യൂട്ടര്‍ കോഴ്സ് പഠിക്കാന്‍ വീട്ടില്‍ നിന്ന് കോഴിക്കോടിന് പോയവനാണ് പ്രശാന്ത്. പിന്നീടറിഞ്ഞു അവന്‍ കോഴിക്കോടുള്ള ഏതോ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായെന്നു. അവസാനം ഏതോ ചില കൂട്ടുകാര്‍ക്കൊപ്പം അവന്‍ കോഴിക്കോട് സ്വന്തം WEB DEVELOPMENT കമ്പനി തുടങ്ങിയെന്നു കേട്ടു… തിരുവനന്തപുരം മുതല്‍ കൊച്ചി വരെ സ്ഥലങ്ങളുള്ളപ്പോള്‍ കമ്പനി എന്തിനു കോഴിക്കോട് തുടങ്ങി എന്നു പലരും സംശയിച്ചെങ്കിലും, എനിക്ക് അത്ഭുതമുണ്ടായില്ല. ഈ കാലത്ത് ഒരു പ്രണയം വിജയിപ്പിക്കാന്‍ എന്തൊക്കെ ചെയ്താലാണ് പറ്റുക!

“ഇങ്ങു താടാ… ഞാന്‍ പറയാം…” എന്നു പറഞ്ഞു കൊണ്ട് മറുതലയ്ക്കല്‍ വിനീത് ഫോണ്‍ ഏറ്റെടുത്തു. പ്രശാന്തിന്റെ കസിനാണ് വിനീത്. കുട്ടിക്കാലം മുതല്‍ ഒരുമിച്ചു പഠിച്ച കൂട്ടുകാരനും.

“അളിയാ, പ്രശ്നം ഇത്തിരി സീരിയസ് ആണ്. പ്രശാന്ത് ഇപ്പൊ എന്റെ വീട്ടിലാ… അവന്റെ ലൈന്‍ വീട്ടില്‍ പൊക്കി.. വീട്ടില്‍ കേറ്റില്ലെന്നാ ഇപ്പൊ അവന്റെ അച്ഛന്‍ പറയുന്നത്. ”

“അതിനെന്തിനാ അളിയാ ഇവന്‍ ചാനലുകാരെ തെറി വിളിക്കുന്നത്‌..?” എന്റെ സ്വാഭാവികമായ സംശയം.

“അതൊക്കെ പറഞ്ഞാല്‍ ഒരു വലിയ സംഭവമാടാ… ഇവരു രണ്ടുപേരും കൂടി കോഴിക്കോട് ബീച്ചില്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു..” ‘രണ്ടുപേരും’ എന്നതിലെ രണ്ടാമത്തെ ആള്‍ ആരാണെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല.

വിനീത് തുടര്‍ന്നു: “കഴിഞ്ഞ ദിവസം ഏതോ ചാനലില്‍ കോഴിക്കോട് ബീച്ചില്‍ വെച്ചുള്ള ഒരു പരിപാടിയുണ്ടായിരുന്നു. ഈ മൈക്കും കൊണ്ടുനടന്നു വഴിയില്‍ കാണുന്നവര്‍ക്കൊക്കെ പാട്ടു വെച്ചുകൊടുക്കുന്ന ഏതോ ഒരു പരിപാടി. അത് കണ്ടുകൊണ്ടിരുന്ന ഇവന്റെ ഡാഡി ബാക്ക്ഗ്രൌണ്ടില്‍ ഇവരെ രണ്ടിനെയും കണ്ടെന്ന്!!!”

കൂട്ടുകാരന്‍ വീട്ടില്‍നിന്നു പുറത്തായി എന്നാലോചിച്ചിട്ടും എനിക്ക് ചിരി അടക്കാന്‍ കഴിയുന്നുണ്ടായില്ല. ഓരോ പണി വരുന്ന വഴിയേ…! ഒരു പ്രണയം വീട്ടുകാരെ അറിയിക്കാന്‍ എത്ര വഴികള്‍ ഉണ്ട്! ഇതൊരു വല്ലാത്ത അറിയിക്കലായിപ്പോയി! തുടര്‍ന്നു നടന്ന സംഭവങ്ങള്‍ വിനീത് വിശദീകരിച്ചപ്പോള്‍ ഞാന്‍ ചിരിച്ചു മണ്ണുകപ്പി.

പരിപാടിയുടെ ബാക്ക്ഗ്രൌണ്ടില്‍ പ്രശാന്തിനെ കണ്ട ഡാഡി അവനെ വിളിച്ചു കാര്യം ചോദിച്ചു. ആദ്യം ‘എന്നെപ്പോലിരിക്കുന്ന വേറെ ആരോ’ ആണെന്നൊക്കെ അവന്‍ വാദിച്ചു നോക്കി… ഡാഡി അതൊക്കെ കുറേശ്ശെ വിശ്വസിച്ചതും ആണ്. അവന്‍ തന്നെ ആണോ അത് എന്നു ഡാഡിക്കും സംശയം തോന്നി.. പക്ഷെ ചാനലുകാര്‍ക്ക് അങ്ങനെ വിടാന്‍ ഉദ്ദേശമില്ലായിരുന്നു. അവര്‍ തൊട്ടടുത്ത ദിവസം വൈകുന്നേരം തന്നെ ആ പരിപാടി പുന: സംപ്രേഷണവും ചെയ്തു! അതും ഡാഡി കണ്ടതോടെ പ്രശാന്തിന്റെ ‘കട്ടയും പടവും’ മടങ്ങി! എന്തിനേറെ പറയുന്നു… ഒരു ചാനലുകാര്‍ കാരണം അവന്‍ വീട്ടില്‍നിന്നു പുറത്തായി എന്നു പറഞ്ഞാല്‍ മതിയല്ലോ!