SQ 117 ഹൈജാക്ക്

ശത്രുരാജ്യങ്ങൾ ഇല്ലാത്ത രാജ്യം. അങ്ങനെയായിരുന്നു സിംഗപ്പൂർ എന്ന കൊച്ചു രാജ്യം സ്വയം കരുതിയിരുന്നത്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളോടും സൗഹൃദം, സഹിഷ്ണുതയ്ക്ക് പേരുകേട്ട സമാധാന പ്രിയരായ ജനങ്ങൾ. അതു കൊണ്ടു തന്നെ 1991 മാർച്ച് 26ന് SQ 117 ഫ്ലൈറ്റിൽ കോലാലംപുരിൽ നിന്നു കയറിയ യാത്രക്കാർ യാതൊന്നും ഭയന്നിരുന്നില്ല. കഷ്ടിച്ച് ഒരു മണിക്കൂറിൽ താഴെയുള്ള ഒരു ചെറിയ യാത്ര. പക്ഷേ അവരെ കാത്തിരുന്നത് മറ്റൊന്നായിയിരുന്നു.

ടേക്കോഫ് കഴിഞ്ഞ് അധികം കഴിയും മുമ്പേ നാല് പാകിസ്ഥാനി യുവാക്കൾ സ്ഫോടകവസ്തുവെന്ന് തോന്നിക്കുന്ന ചില സിലിണ്ടറുകളുമായി ചാടി എണീറ്റു. ” ഭയപ്പെടേണ്ട, ഞങ്ങൾ പറയുന്നത് അനുസരിച്ചാൽ ആർക്കും ഒന്നും സംഭവിക്കില്ല, ഇല്ലെങ്കിൽ ഈ വിമാനവും നമ്മളെല്ലാവരും ഒരുമിച്ച് പൊട്ടിത്തെറിക്കും”. അവരുടെ നേതാവ് യാത്രക്കാരോടു പറഞ്ഞു. സിംഗപ്പൂരിലേക്ക് പോകുന്നതിനു പകരം സിഡ്നിയിലേക്ക് പോകണം. അതായിരുന്നു അവരുടെ അടുത്ത ആവശ്യം. വിമാനത്തിന്റെ ക്യാപ്റ്റൻ സ്റ്റാൻലി ലിം അവരെ അനുനയിപ്പിക്കാൻ ശ്രമിച്ചു. സിഡ്നിവരെ പറക്കാനുള്ള ഇന്ധനമില്ലെന്നും, സിംഗപ്പൂരിൽ ഇറങ്ങിയാൽ ഇന്ധനം നിറയ്ക്കാൻ ആവശ്യപ്പെടാമെന്നുമുള്ള ക്യാപ്റ്റന്റെ വാഗ്ദാനം ഹൈജാകർമാർ ഒടുവിൽ അംഗീകരിച്ചു. അങ്ങിനെ, പറന്നുയർന്നതിനു ഏകദേശം ഒരു മണിക്കൂറിനു ശേഷം SQ 117 സിംഗപ്പൂരിലെ ചാംഗി എയർപോർട്ടിൽ വന്നിറങ്ങി.

ക്യാപ്റ്റൻ ലിം ന ൽ കി യ റേഡിയോ സന്ദേശത്തിനോട് കാര്യക്ഷമതയ്ക്ക് പേരുകേട്ട സിംഗപ്പൂർ ഗവൺമെന്റ് ദ്രുതഗതിയിൽ തന്നെ പ്രതികരിച്ചു. വിമാനം വന്നിറങ്ങുമ്പോൾ തന്നെ ഹൈജാകർമാരുമായി സന്ധി സംഭാഷണത്തിനായി പ്രത്യേക പരിശീലനം ലഭിച്ച ക്രൈസിസ് മാനേജ്മെന്റ് ടീം തയ്യാറായിരുന്നു. ഒപ്പം സിംഗപ്പൂർ പോലീസ് സേനയുടെ സായുധ വിഭാഗവും എയർപോർട്ടിൽ തയ്യാറായി നിന്നു. എല്ലാത്തിനും മേലെ, അതുവരെ ലോകത്തിന്റെ മുന്നിൽ അതീവ രഹസ്യമാക്കി വച്ചിരുന്ന സിംഗപ്പൂർ SAF അഥവാ സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് എന്ന കമാൻഡോ സംഘത്തിനെ ഗവൺമെന്റ് ദൗത്യം ഏൽപ്പിച്ചു.

ഹൈജാകർമാരുടെ ആവശ്യങ്ങൾ കേട്ടപ്പോൾ തന്നെ ക്രൈസിസ് മാനേജ്മെന്റ് ടീം ഞെട്ടി. പലതും സിംഗപൂറിന്റെ അധികാര പരിധിയ്ക്കു പോലും പുറത്തുള്ളവ ആയിരുന്നു.
1. സിഡ്നിയിലേക്ക് പറക്കാൻ ഉള്ള ഇന്ധനം നിറയ്ക്കുക
2. സിംഗപ്പൂരിലെ പാകിസ്ഥാനി അംബാസഡറോട് സംസാരിക്കാൻ അനുവദിക്കുക
3. പാകിസ്ഥാനി ജയിലിൽ കഴിയുന്ന ആസിഫ് അലി സർദാരി (ബേനസീർ ഭൂട്ടോയുടെ ഭർത്താവ്, പിന്നീട് ഇദ്ദേഹം പാക് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.) അടക്കം ചില രാഷ്ട്രീയ തടവുകാരെ പുറത്തു വിടുക.
4. ബേനസീർ ഭൂട്ടോയോട് സംസാരിക്കാൻ അനുവദിക്കുക.

ഈ ആവശ്യങ്ങൾ അംഗീകരിച്ചാൽ എല്ലാ യാത്രക്കാരെയും മോചിപ്പിക്കാം എന്നും, പക്ഷേ ക്യാപ്റ്റനും ക്യാബിൻ ക്രൂവും അടക്കം വിമാനം സിഡ്നിയിലേക്ക് പറക്കണം എന്നും ഹൈജാകർമാരുടെ നേതാവ് ജാവേദ് ആവർത്തിച്ചു . അധികൃതർ വഴങ്ങാതെ വന്നപ്പോൾ ഭീഷണി എന്ന നിലയിൽ രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളെ വിമാനത്തിൽ നിന്ന് പുറത്തേക് വലിച്ചെറിഞ്ഞു. നാലര മീറ്റർ ഉയരത്തിൽ നിന്ന് റൺവേയിലേക്ക് വീണ അവർക്ക് സാരമായ പരുക്കു പറ്റി എങ്കിലും, റൺവേയിൽ ഉണ്ടായിരുന്ന പോലീസ് ദ്രുതകർമസേന അവരെ പെട്ടെന്നു തന്നെ ഇരുട്ടിന്റെ മറവിൽ രക്ഷപെടുത്തി.

ജാവേദിനെയും കൂട്ടരെയും അനുനയിപ്പിക്കാൻ ഉള്ള ശ്രമം തുടരവെ, SAF ടീം സമാനമായ മറ്റൊരു വിമാനത്തിൽ ട്രെയിൻ ചെയ്യുകയായിരുന്നു. പുലർച്ചെ 3  മണിയോടെ ഇന്ധനം നൽകാം എന്ന് അധികൃതർ സമ്മതിച്ചു. എന്നാൽ ഒരു ടാങ്കർ നൽകിയ ശേഷം രണ്ടാമത്തെ ടാങ്കർ വരാൻ ഇനിയും താമസിക്കും എന്ന് അധികൃതർ ജാവേദിനെ അറിയിച്ചു. കോപാകുലനായ ജാവേദ് വിമാനം തീയിട്ടു നശിപ്പിക്കും എന്നു പറഞ്ഞു കൊണ്ട് ഫസ്റ്റ് ക്ലാസിൽ നിന്ന് എടുത്തു കൊണ്ടുവന്ന മദ്യം കോക്പിറ്റിൽ ഒഴിച്ചു. ഇതോടെ ഗവൺമെന്റ് കമാൻഡോകൾക്ക് പച്ചക്കൊടി നൽകി.

രാവിടെ 6.50 ഓടെ വിമാനത്തിന്റെ പിൻ വാതിലുകൾ തകർത്ത് അകത്തു കയറിയ കമാൻഡോ സംഘം നിമിഷങ്ങൾ കൊണ്ട് പണി തീർത്തു. നാലു ഹൈജാക്കർമാരും വെറും മുപ്പത് സെക്കന്റിനകം വെടിയേറ്റു വീണു. അഞ്ചു വെടിയുണ്ടകൾ ഏറ്റതിനു ശേഷവും ജാവേദ് ഗ്രനേഡ് പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും, ഇതു കണ്ട കമാൻഡോയുടെ പോയിന്റ് ബ്ലാങ്ക് ഹെഡ് ഷോട്ട് എല്ലാം അവസാനിപ്പിച്ചു.

പുറത്തേക് എറിയപ്പെട്ട ക്യാബിൻ ക്രൂ അംഗങ്ങൾ ഒഴികെ മറ്റൊരു യാത്രക്കാർക്കും  ക്രൂവിനും ഒരു പോറൽ പോലും ഏറ്റിരുന്നില്ല. മിന്നൽ വേഗത്തിലുള്ള ഓപ്പറേഷൻ ലോകരാജ്യങ്ങൾക്ക് മുന്നിൽ സിംഗപ്പൂർ എന്ന കുഞ്ഞൻ രാജ്യത്തിന്റെ പേര് വാനോളം ഉയർത്തി. അവരുടെ എലൈറ്റ് കമാൻഡോ യൂണിറ്റിന്റെ കൃത്യതയും കാര്യക്ഷമതയും അന്താരാഷ്ട്ര ശ്രദ്ധ നേടി. ഹൈജാകർമാർ ആരും തന്നെ പരിശീലനം ലഭിച്ച തീവ്രവാദികൾ ആയിരുന്നില്ല എന്നത് അവരുടെ ജോലി എളുപ്പമാക്കി. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ പ്രവർത്തകർ ആയിരുന്നു അവർ എന്ന് പിന്നീട് തെളിഞ്ഞു. സർദാരിയെ മോചിപ്പിക്കാൻ വേണ്ടി മറ്റൊരു രാജ്യത്തിന്റെ വിമാനം റാഞ്ചുക എന്ന മണ്ടൻ തീരുമാനത്തിന് വിലയായി അവർക്ക് സ്വന്തം ജീവൻ നൽകേണ്ടി വന്നു.