സ്നേഹിച്ചു പോയ്, ഒരു ശരത്കാലസന്ധ്യയില്‍
മനമറിയാതൊരു മാന്‍മിഴിയാളെ ഞാന്‍
അറിയില്ലെനിക്കാ പേരുപോലും, നിലാ
പുഞ്ചിരിയാലവള്‍ മനംകവര്‍ന്നു…
വെള്ളാരംകണ്ണുകള്‍ ദൂതെഴുതി, അവളുടെ
മൌനമൊരായിരം കാവ്യമായി..
നാട്യങ്ങള്‍ നിറയുമീ നഗരത്തിന്നൊരുകോണില്‍
പഴമതന്‍ ശേഷിപ്പായ് നില്‍ക്കുമാ മാളികയില്‍
മുകളിലാ ജാലകവിരികള്‍ മെല്ലെനീക്കി
വെണ്‍ചന്ദ്രലേഖ തോല്‍ക്കും പുഞ്ചിരി നീ പൊഴിക്കെ,
പ്രണയമാമഗ്നിയാല്‍ പൊള്ളുന്നു പെണ്ണേ, എന്‍റെ
ഹൃദയം തുടിക്കുന്നു, നിന്നരികില്‍ വന്നണയാന്‍.
ഇരവിലും പകലിലും മധുരമാം സ്വപ്നങ്ങളില്‍
കാണുന്നു നിന്നെ ഞാന്‍, പൂവുപോല്‍ സുന്ദരീ,
നിന്‍ ദീപ്തമാം മിഴികളില്‍ വിടരും കവിതകള്‍
എന്നെന്നുമെന്‍ സ്വന്തമാക്കുവാന്‍ കൊതിപ്പൂ ഞാന്‍;
ജാലകച്ചില്ലിന്‍ ചാരെ, നിന്‍മുഖം കാണാത്തനാള്‍
വിരഹത്തിന്‍ ചൂളയിലെന്‍ മനമാകെയുരുകുന്നു.
ഇനിയും കഴിയില്ലെനിക്കെന്‍മനമടക്കുവാന്‍,
നിന്നെപ്പിരിഞ്ഞെനിക്കില്ലിനി ജീവിതം;
ഇനിയുമാവില്ലെനിക്കകലത്തു നില്ക്കുവാന്‍,
വേഗമീ ഞാന്‍ നിന്‍റെ ചാരത്തണഞ്ഞോട്ടെ;
ഏറെനാള്‍ ചിന്തിച്ച ശേഷമീ പുലരിയില്‍
മനമൊടു കല്‍പ്പിച്ചുറച്ചു ഞാനിങ്ങനെ:
“ഇന്നു ഞാന്‍ പോകു,മാവീട്ടിലെന്നി-
ട്ടവളെക്കാണു,മെന്‍ പ്രണയം പറഞ്ഞിടും;
എന്‍റെ സ്വപ്നങ്ങള്‍ പൂവിടും, ഞങ്ങളാ പൂന്തോപ്പില്‍
ശലഭങ്ങളായിനി പാറിപ്പറന്നിടും…
അവളിനിയെന്‍റേതാണെന്‍റേതു മാത്ര,-
മെന്നായിരമുരപ്പിച്ചു ധീരനായ് തിരിച്ചു ഞാന്‍.
പടിപ്പുരവാതില്‍ മലര്‍ക്കെത്തുറന്നുള്ളില്‍
കാല്‍വെച്ച നേരം ഞാന്‍ ഞെട്ടിത്തരിച്ചുപോയ്!
രക്തത്തിന്‍ ചാലൊഴുകും കൈകളില്‍, പൊട്ടിയ
ചങ്ങലപ്പൂട്ടുമായ്, അവള്‍, എന്‍ പ്രണയിനി.
പ്രജ്ഞയറ്റവനായിഞാന്‍ നില്‍ക്കവെ, അവ-
ളോടിവന്നെന്‍റെ മാറില്‍ തലചായ്ച്ചു കിതയ്ക്കുന്നു…
ആക്രോശിച്ചു കൊണ്ടാരോ അവളെയെന്നില്‍ നിന്നും
അടര്‍ത്തിയകറ്റി വലിച്ചു കൊണ്ടുപോകെ,
അരികില്‍ നിന്നൊരേതോ വഴിയാത്രികന്‍ ചൊല്ലി,
“പാവം ഭ്രാന്തി”,യെന്‍റെ ഹൃദയം നുറുങ്ങിപ്പോയ്…!
ഞാനാകെ തളരുന്നു, ചുറ്റുമിരുട്ടു നിറയുന്നു, എതോ
ആര്‍ത്തനാദങ്ങളെന്‍ കാതില്‍ മാറ്റൊലിക്കൊള്ളുന്നു…
.
.
.
.
.
.
പോകേണമെനിക്കിന്നും, എന്‍ പ്രണയിനി തന്‍
പുഞ്ചിരി കാണാന്‍ വെള്ളാരം കണ്ണുകള്‍ കാണാന്‍;
പോകേണമെനിക്കിന്നും, അവളെ പ്രണയിക്കാന്‍,
സ്വന്തമാക്കുവാന്‍, ഇനിയുമേറെ പറയുവാന്‍,
പോകേണമെനിക്കിന്നും, സദയമഴിക്കെന്‍റെ
കൈകാല്‍ ബന്ധിക്കുമീ ചങ്ങലപ്പൂട്ടുകള്‍.